ബോളിവുഡ് നടി ജിയാ ഖാന്റെ മരണം; നടനും സറീനാ വഹാബിന്റെ മകനുമായ സൂരജ് പഞ്ചോളിക്ക് ക്ലീന്‍ ചിറ്റ്
നടി ജിയാ ഖാന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി. സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. ജിയയുടെ മരണത്തില്‍ സൂരജിന്റെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ജിയയെ ആത്മഹത്യ ചെയ്യാന്‍ കാമുകനായിരുന്ന സൂരജ് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.
സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്ന വിവരങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളും വ്യാജമാണെന്ന വാദമാണ് സൂരജ് ഉന്നയിച്ചത്. ജിയയുടെ മാതാവ് റാബിയ ഖാന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസും സിബിഐയും പ്രവര്‍ത്തിച്ചതെന്നും സൂരജ് ആരോപിച്ചു.
സറീന വഹാബിന്റെയും സംവിധായകന് ആദിത്യ പഞ്ചോളിയുടെയും മകനായ സൂരജുമായി ജിയാ ഖാന് പ്രണയത്തിലായിരുന്നു. 2013ലാണ് ജിയാ ഖാന് ആത്മഹത്യ ചെയ്തത്. പ്രണയത്തകര്‍ച്ച ആത്മഹത്യയിലേക്ക് നയിച്ചുവെന്നായിരുന്നു റാബിയ ഖാന്റെ ആരോപണം. പ്രണയബന്ധത്തിലെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ജിയയുടെ ആത്മഹത്യ കുറിപ്പില്‍ സൂചനകളുണ്ടായിരുന്നു.
തുടര്‍ന്ന് സൂരജിനെ അറസ്റ്റ് ചെയ്തു. 2014 ലാണ് കേസ് മുംബൈ പോലീസ് ഹൈക്കോടതിയുടെ വിധി പ്രകാരം കേസ് സിബിഐയ്ക്ക് കൈമാറിയത്. ജിയ സൂരജില്‍ നിന്ന് ഗര്‍ഭിണിയായിരുന്നു. നാല് മാസമായപ്പോള്‍ സൂരജിനോട് ജിയ ഇതെക്കുറിച്ച് തുറന്ന് പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു.
ഈ അവസരത്തില്‍ സൂരജ് ജിയയെ അവഗണിച്ചു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.