വിജിലന്‍സില്‍ നിന്ന് നീക്കിയ എഡിജിപി അജിത് കുമാറിന് പുതിയ തസ്തികയുണ്ടാക്കി വീണ്ടും നിയമനം
ഷാജ് കിരണ്‍ വിവാദത്തില്‍ വിജിലന്‍സ് തലവന്‍ സ്ഥാനം തെറിച്ച എഡിജിപി അജിത് കുമാറിന് പുതിയ തസ്തികയുണ്ടാക്കി വീണ്ടും നിയമനം. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന പേരില്‍ പുതിയ തസ്തികയുണ്ടാക്കിയാണ് നിയമനം നല്‍കിയിരിക്കുന്നത്. എഡിജിപി (ഹെഡ് ക്വാര്‍ട്ടേഴ്സ്) റാങ്കിന് തുല്യമാണ് പുതിയ തസ്തികയെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
1,81,200-2,24,100 രൂപ ശമ്പള സ്കെയിലില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഡിജിപി മുഖേന ഉത്തരവ് അജിത് കുമാറിന് കൈമാറി. തന്നെ കാണാനെത്തിയ ഷാജ് കിരണിന്റെ ഫോണിലേക്ക് വിജിലന്‍സ് മേധാവിയായിരുന്ന അജിത് കുമാര്‍ പല തവണ വിളിച്ചിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ അജിത് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു.
ഷാജ് കിരണും അജിത് കുമാറും തമ്മില്‍ ഏഴു തവണ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പിന്നീട് പുറത്തു വന്നിരുന്നു. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. സരിത്തിനെ പോലീസ് പിടിക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നതായും അതുപോലെ തന്നെ സംഭവിച്ചുവെന്നും സ്വപ്ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഷാജ് കിരണുമായി ബന്ധപ്പെട്ട കോള്‍ വിവരങ്ങള്‍ പുറത്തു വരികയും അവ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അജിത്കുമാറിനെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Content Highlights: ADGP Ajithkumar, Shaj Kiran, Kerala Police, Vigilance, New Post