എസ്എഫ്ഐ നല്കിയ റാഗിംഗ് പരാതിയില്‍ അലന് ഷുഹൈബിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; പകപോക്കലെന്ന് വിദ്യാര്‍ഥി ഐക്യമുന്നണി
എസ്എഫ്ഐ നല്കിയ റാഗിംഗ് പരാതിയില്‍ അലന് ഷുഹൈബിനെ ധര്‍മടം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തലശ്ശേരി പാലയാട് ക്യാമ്പസില്‍ റാഗിംഗ് നടത്തിയെന്നാണ് ആരോപണം. അതേസമയം കഴിഞ്ഞ വര്‍ഷം എസ്എഫ്ഐക്കാര്‍ റാഗിംഗ് നടത്തിയതിനെതിരെ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണ് ഇതെന്നും പരാതി വ്യാജമാണെന്നും അലന് ഷുഹൈബ് പ്രതികരിച്ചു.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന് ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയുമായി ബുധനാഴ്ച രാവിലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. എസ്.എഫ്.ഐക്കാരായ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥികളെ അലന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തുവെന്നാണ് പരാതി. അലന് ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരേയാണ് റാഗിങ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലന് പറഞ്ഞു.