കൊച്ചിയിലെ എടിഎം മോഷണം; പ്രതി പിടിയില്‍
കൊച്ചിയില്‍ എടിഎമ്മുകളില്‍ സ്കെയില്‍ വെച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക് ആണ് പിടിയിലായത്. ഇയാളെ ഇടപ്പള്ളിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കളമശ്ശേിരി പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്കെയില്‍ പോലെയുള്ള വസ്തു മുബാറക്കില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. എടിഎം മെഷീനിലെ പണം വരുത്ത ഭാഗത്ത് ഈ ഉപകരണം വെച്ചായിരുന്നു തട്ടിപ്പ്. 13 എടിഎമ്മുകളില്‍ ഇയാള്‍ മോഷണം നടത്തിയെന്നാണ് വിവരം.
മെഷീനുകളില്‍ ഉപകരണം വെക്കുമ്പോള്‍ പുറത്തേക്കു വരുന്ന പണം ബ്ലോക്ക് ചെയ്യപ്പെടുകയും മെഷീനില്‍ പണമില്ലെന്ന ധാരണയില്‍ ഇടപാടുകാര്‍ പുറത്തേക്ക് പോകുമ്പോള്‍ അകത്തു കയറി പണമെടുത്ത് കടന്നു കളയുകയുമായിരുന്നു ഇയാളുടെ രീതി. ഇടപാടുകാര്‍ വരുന്നതിനു മുന്‍പ് എടിഎം മെഷീനില്‍ കൃത്രിമത്വം നടത്തും. ഇതിനു ശേഷം മാറി നിന്ന് നിരീക്ഷിക്കും. പണം ലഭിക്കാതെ ഇടപാടുകാര്‍ പുറത്തിറങ്ങുമ്പോള്‍ അകത്തു കയറി പണമെടുത്ത് രക്ഷപ്പെടും.
നിരവധി ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ പണം നഷ്ടമായിട്ടുണ്ട്. പണം നഷ്ടമായതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയും ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു. കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
കളമശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. നോര്‍ത്ത് കളമശ്ശേരിയിലെ എ.ടി.എമ്മില്‍ കൃത്രിമം കാണിച്ച് ഏഴുപേരില്‍ നിന്നായി 15,000 രൂപ നഷ്ടപ്പെട്ടതായി ബാങ്ക് കളമശ്ശേരി പോലീസിന് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കൂടുതലാളുകള്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.