കോടതിയലക്ഷ്യക്കേസില്‍ സംവിധായകന് ബൈജു കൊട്ടാരക്കര മാപ്പപേക്ഷ നടത്തി
കോടതിയലക്ഷ്യക്കേസില്‍ സംവിധായകന് ബൈജു കൊട്ടാരക്കര കോടതിയില്‍ മാപ്പപേക്ഷ നടത്തി. ഹൈക്കോടതിയിലാണ് സംവിധായകന്റെ മാപ്പപേക്ഷ. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ ചാനല്‍ ചര്‍ച്ചകളില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡിഷ്യറിയെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു പറഞ്ഞു. വിശദീകരണം എഴുതി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
നേരിട്ട് ഹാജരാകണമെന്ന് ബൈജുവിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നല്കാന് രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് 25ന് വീണ്ടും പരിഗണിക്കും.