മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശിന്റെ കത്ത്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശിന്റെ കത്ത് . കുറ്റവാളികളെ കൈമാറാൻ കരാർ ഉണ്ടെന്നും അത് പാലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭയം നൽകുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കുമെന്നാണ് ബംഗ്ലാദേശ് നിലപാട്. എന്നാൽ രാഷ്ട്രീയ കുറ്റവാളികളുടെ കാര്യത്തിൽ കരാർ ബാധകമല്ലെന്ന നിലപാടിലാണ് ഇന്ത്യ.
2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്.
അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമെൽ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.
പ്രതിഷേക്കാർക്ക് നേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദേശിച്ചു. പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞിരുന്നു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. പദവികൾ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്നത്.












