ഫെയിസ്ബുക്കില് ഹൈക്കു കവി, നാട്ടുകാര്‍ക്ക് തിരുമ്മു വൈദ്യന്; നരബലിക്ക് ഭഗവല്‍ സിങ് പിടിയിലായപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍
ഫെയിസ്ബുക്കില് നുറുങ്ങുകവിതകളായ ഹൈക്കുകള്‍ കുറിക്കുകയും വീട്ടില്‍ തിരുമ്മു ചികിത്സ നടത്തുകയും ചെയ്തിരുന്ന ഭഗവല്‍ സിങ് നരബലിക്കേസില്‍ പിടിയിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഹൈക്കുവില്‍ ലൈവ് പഠന ക്ലാസ് ഇയാള്‍ ഫെയിസ്ബുക്കില് നടത്തിയിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണ് രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കൊച്ചി പൊന്നുരുന്നിയില്‍ താമസിച്ചിരുന്ന ലോട്ടറി വില്പനക്കാരി പത്മം, കാലടിയില്‍ താമസിച്ചിരുന്ന റോസിലി എന്നിവരെയാണ് ദമ്പതികളും കൂട്ടാളിയായ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബിന്റെ സഹായത്തോടെ ഇവര്‍ കൊലപ്പെടുത്തിയത്. സ്ത്രീകളെ എറണാകുളത്തു നിന്ന് ഇലന്തൂരില്‍ എത്തിക്കുകയായിരുന്നു. ഇവരില്‍ പത്മത്തെ കാണാതായതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പത്മത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ ഏറ്റവുമൊടുവില്‍ പത്തനംതിട്ടയിലാണ് കാണിച്ചത്. ഇതു പിന്തുടര്ന്ന് നടത്തിയ അന്വേഷണം ഷിഹാബില്‍ എത്തുകയും കേസിന്റെ ചുരുളഴിയുകയുമായിരുന്നു. പത്മത്തെയും റോസിലിയെയും ഇലന്തൂരില്‍ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചു മൂടുകയും ചെയ്തു.