നിധി കുംഭത്തിന്റെ താക്കോൽ നഷ്ടപെട്ട ബിറ്റ്കോയിൻ രാജാവ്

പലതു നമ്മൾ മറന്നു പോകാറുണ്ട് …ചില സാധനങ്ങൾ, പോയ സ്ഥലങ്ങൾ ,ചില പാസ്സ്വേർഡുകൾ അങ്ങിനെ പലതും….എന്നാൽ മറന്നത് വലിയൊരു നിധി കുംഭത്തിന്റെ താക്കോൽ ആണെങ്കിലോ….ജർമ്മനിയില്‍ ജനിച്ച ക്രിപ്റ്റോകറൻസി വ്യവസായി സ്റ്റെഫാൻ തോമസാണ് ഈ കഥയിലെ ദുരന്ത നായകൻ. 7,002 ബിറ്റ്കോയിനുകള്‍ അടങ്ങിയ ഒരു ഡിജിറ്റല്‍ വാലത്തിന്റെ പാസ്സ്വേർഡ് മറന്നിരിക്കുകയാണ് കക്ഷി… അണ്‍ലോക്ക് ചെയ്യാൻ കഴിയാതെ, ഏകദേശം 777 മില്യണ്‍ ഡോളർ വിലമതിക്കുന്ന ആസ്തി അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നതിന്റെ വക്കിലാണ്.
ക്രിപ്റ്റോകറൻസിയുടെ ലോകത്തെ കൊമ്ബൻ സ്രാവാണ് സ്റ്റെഫാൻ തോമസ്. 2011-ല്‍ ‘എന്താണ് ബിറ്റ്കോയിൻ?’ എന്ന ആനിമേറ്റഡ് വീഡിയോയിലൂടെ ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ബിറ്റ്കോയിനിനെ പരിചയപ്പെടുത്തിയ അദ്ദേഹം, WeUseCoins.com എന്ന വെബ്സൈറ്റിന്റെ സ്ഥാപകനുമാണ്. ബിറ്റ്കോയിൻ ആവാസവ്യവസ്ഥയുടെ ആദ്യകാല ഡെവലപ്പർമാരില്‍ ഒരാളായ തോമസ്, റിപ്പിള് എന്ന ബ്ലോക്ക്ചെയിൻ കമ്ബനിയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു. ഇന്റർലെഡ്ജർ പ്രോട്ടോക്കോള്‍ എന്ന വിപ്ലവകരമായ ഓപ്പണ്‍ പേയ്മെന്റ് സ്റ്റാൻഡേർഡിന്റെ കണ്ടുപിടുത്തത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇപ്പോള്‍, വെബ് മോണിറ്റൈസേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോയില്‍ എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയും സഹസ്ഥാപകനുമാണ് അദ്ദേഹം.
2011-ല്‍, ‘എന്താണ് ബിറ്റ്കോയിൻ?’ വീഡിയോയ്ക്ക് പ്രതിഫലമായി തോമസിന് 7,002 ബിറ്റ്കോയിനുകള്‍ ലഭിച്ചു. അന്ന് അവയുടെ മൂല്യം വെറും 2,000 ഡോളർ മാത്രമായിരുന്നു. ഈ ബിറ്റ്കോയിനുകള്‍ അദ്ദേഹം ഒരു അയണ്‍കീ ഹാർഡ്വെയർ വാലറ്റില്‍ സുരക്ഷിതമായി സൂക്ഷിച്ചു, പാസ്വേഡ് ഒരു കടലാസില്‍ എഴുതിവെച്ചു. ദുരന്തമെന്ന് പറയട്ടെ, ആ കടലാസ് നഷ്ടപ്പെട്ടു. ഇന്ന്, ഒരു ബിറ്റ്കോയിനിന്റെ വില ഏകദേശം 111,000 ഡോളറായി ഉയർന്നതോടെ, തോമസിന്റെ ബിറ്റ്കോയിനുകളുടെ മൂല്യം 777 മില്യണ്‍ ഡോളറിലെത്തി.
അയണ്‍കീ വാലറ്റ് 10 തവണ മാത്രമേ തെറ്റായ പാസ്വേഡ് അനുവദിക്കൂ. 10-ാം ശ്രമത്തിന് ശേഷം, ഉപകരണം സ്വയം ലോക്ക് ചെയ്യുകയും ഡാറ്റ എന്നെന്നേക്കുമായി മായ്ക്കുകയും ചെയ്യും. തോമസ് ഇതിനോടകം 8 ശ്രമങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇനി രണ്ട് അവസരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. തെറ്റായ ഒരു ശ്രമം കൂടി നടത്തിയാല്‍, 777 മില്യണ്‍ ഡോളറിന്റെ സമ്ബത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടും.
വർഷങ്ങളായി, തോമസ് തന്റെ ബിറ്റ്കോയിനുകള്‍ വീണ്ടെടുക്കാൻ നിരവധി മാർഗങ്ങള്‍ പരീക്ഷിച്ചു. പാസ്വേഡ് വീണ്ടെടുക്കലില്‍ വൈദഗ്ധ്യമുള്ള സുഹൃത്തുക്കളുടെയും ഹാക്കർമാരുടെയും സഹായം അദ്ദേഹം തേടി. പക്ഷേ അയണ്കീയുടെ ഉയർന്ന സുരക്ഷാ സംവിധാനം തകർക്കാൻ ആർക്കും കഴിഞ്ഞില്ല.
അടുത്തിടെ, സൈബർ സുരക്ഷാ സ്ഥാപനമായ അണ്സിഫെർഡ്, 200 ട്രില്യണ്‍ സിമുലേറ്റഡ് പാസ്വേഡ് ശ്രമങ്ങള്‍ ഉപയോഗിച്ച് അയണ്‍കീ ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാൻ ഒരു മാർഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. അവർ തോമസിനെ സമീപിച്ച് ബിറ്റ്കോയിനുകള്‍ വീണ്ടെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, വാലറ്റ് അണ്‍ലോക്ക് ചെയ്യുന്നതില്‍ വിജയിച്ചാല്‍ ലാഭത്തിന്റെ ഒരു പങ്ക് നല്‍കാമെന്ന് മറ്റ് രണ്ട് ടീമുകളുമായി നേരത്തെ ഉണ്ടാക്കിയ വാക്കാലുള്ള കരാറുകള്‍ ചൂണ്ടിക്കാട്ടി തോമസ് അവരുടെ ഓഫർ നിരസിച്ചു.