കെട്ടിവെച്ച കാശ് പോലും കിട്ടാതെ BJP; തോൽവി ശീലമായെന്ന് ന്യായീകരണം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഭൂരിപക്ഷവും എൽ ഡി എഫിന്റെ പരാജയവും മാത്രമല്ല ചർച്ചയാവുന്നത്. എൻ ഡി എ ക്ക് നേരിട്ട തിരിച്ചടി കൂടിയാണ്. സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കിയിട്ടും കെട്ടിവെച്ച കാശ് പോലും കിട്ടാത്ത അവസ്ഥ എൻ ഡി എ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്. ആകെ വോട്ടിന്റെ 9.57 % വോട്ട് മാത്രമാണ് എ എൻ രാധാകൃഷ്ണന് നേടാനായത്. ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് ലഭിച്ചാലേ കെട്ടിവെച്ച കാശ് ലഭിക്കൂ. ഇവിടെ ബി ജെ പിക്ക് ആ കാശ് പോലും ലഭിക്കില്ല. 22,558 വോട്ടെങ്കിലും ലഭിക്കേണ്ടിയിരുന്നിടത്ത് ബി ജെ പി കിട്ടിയത് ആകെ 12,957 വോട്ടാണ്. 2021ലെ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് സമാന അനുഭവമായിരുന്നു ഇവിടെ. ഇത്തവണ അന്ന് ലഭിച്ചതിനേക്കാളും വോട്ടു കുറഞ്ഞു. 2256 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. യു ഡി എഫിന് 12,931 വോട്ടും എൽ ഡി എഫിന് 2244 വോട്ടും അധികം ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് ബൂത്തിൽ ഒന്നാമതും പതിനൊന്ന് ബൂത്തിൽ രണ്ടാമതും എത്തിയ ബി ജെ പിക്ക് ഇക്കുറി എവിടെയും ഒന്നാമതെത്തിയില്ല. 2016 ൽ പതിനഞ്ച് ശതമാനവും 2021 ൽ 11.34 ശതമാനവും നേടിയ പാർട്ടിയുടെ ഇത്തവണത്തെ വോട്ടുവിഹിതം 9.57 ശതമാനം മാത്രമാണ്. തൃക്കാക്കരയിലെ കനത്ത തോൽവി പാർട്ടിക്കകത്തെ വിഭാഗീയത വർധിക്കുന്നതിന് കാരണമായേക്കും എന്നാണ് പൊതുവിലയിരുത്തൽ.
നേരത്തെ ജില്ലയിൽ സ്ഥാനാർഥിയാവാൻ നിശ്ചയിച്ചിരുന്നത് പരിചയസമ്പന്നയായ മഹിളാമോർച്ചാ നേതാവിനെയായിരുന്നു. എന്നാൽ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഇടപെടലാണ് മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിലേക്ക് എത്തിച്ചത്. ഇതിന്റെ പേരിൽ വലിയ പഴികൾ കേൾക്കേണ്ട അവസ്ഥയിലാണ് നിലവിൽ സുരേന്ദ്രൻ പക്ഷം.
പാർട്ടിയിലെ ഗ്രൂപ്പിസം പ്രചാരണത്തിൽ വിഷയമാകാതിരിക്കാൻ നേതൃത്വം പരമാവധി ശ്രമിച്ചിരുന്നു. ബി ജെ പിയുടെ മുതിർന്ന നേതാക്കളെല്ലാം വോട്ടഭ്യർഥിച്ച് തൃക്കാക്കരയിൽ എത്തിയിരുന്നു. പക്ഷേ അതൊന്നും വോട്ടായില്ല. പി സി ജോർജിന്റെ ഇടപെടലും അറസ്റ്റും വിദ്വേഷ പ്രസംഗവുമെല്ലാം വർഗീയ ധ്രുവീകരണത്തിന് സാധ്യതയായി കണ്ടെങ്കിലും അതെല്ലാം വിപരീത ഫലമാണ് ചെയ്തത്.
Content Highlight: BJP, Thrikkakkara, AN Radhakrisnan, Byelection, Kerala Politics