റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറോളം പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ബിജെപി പ്രവര്ത്തകന്; പുറത്താക്കിയെന്ന് പാര്‍ട്ടി
സതേണ്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ പ്രവര്‍ത്തകനെ പുറത്താക്കിയെന്ന് ബിജെപി. മുക്കം സ്വദേശി ഷിജു എം കെ എന്നയാളാണ് റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.
പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇയാളെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. അഞ്ഞൂറോളം പേരില്‍ നിന്നാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയത്. 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പലരില്‍ നിന്നായി വാങ്ങിയിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്കി.
കോവിഡ് ലോക്ക് ഡൗണ്‍ സമയത്തായിരുന്നു തട്ടിപ്പ് ആരംഭിച്ചത്. സതേണ്‍ റെയില്‍വേയ്ക്ക് ചെയര്മാനില്ലെന്ന് തിരിച്ചറിഞ്ഞ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ അടുത്തിടെയാണ് തട്ടിപ്പ് പുറത്തായത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലുള്ള മലയാളികളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. ഷിജുവിനൊപ്പം മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Content Highlights: Railway, Job, BJP, Kozhikode