കൊല്ലം കുണ്ടറയില്‍ സമയത്തെച്ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസിനെ ഇടിപ്പിച്ചു
കൊല്ലം കുണ്ടറയില്‍ സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസിനെ ഇടിപ്പിച്ചു. യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് ഇടിപ്പിച്ചത്. സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പ്രയര്‍, അല്‍നൂര്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. 8.05-ന് പോകേണ്ട ബസ് എട്ടുമണിക്ക് തന്നെ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയെന്നായിരുന്നു ആരോപണം. ഇതേച്ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസില്‍ ഇടിപ്പിച്ചത്. ഇടിയേറ്റ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.
ഇടിയേറ്റ ബസിലെ ഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തേക്കും.