സീറോ മലബാര്‍ സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി
എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് ജൂലൈ ഒന്നിന് ഹാജരാകാന്‍ മാര്‍ ആലഞ്ചേരിക്ക് നിര്‍ദേശം നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ ഫാ.ജോഷി പുതുവയോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ ജോഷി വര്‍ഗീസ് നല്കിയ പരാതിയിലാണ് നടപടി.
കരുണാലയം, ഭാരത് മാതാ കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിലാണ് കര്‍ദിനാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വില്പനയില് ഇടനിലക്കാരനായ സാജു വര്‍ഗീസ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കര്‍ദിനാള്‍ ഹാജരായിരുന്നില്ല. മെയ് 16ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി കര്‍ദിനാള്‍ ഹര്‍ജി നല്കി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം.
കേസിന്റെ സ്വഭാവമനുസരിച്ച് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാളിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന ആവശ്യവുമായി പരാതിക്കാരും കോടതിയിലെത്തി. കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ല. അദ്ദേഹം സ്ഥിരമായി വിദേശ രാജ്യങ്ങളില്‍ പോകുന്നുണ്ട്. കോടതിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.
കേസില്‍ കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതിയുത്തരവ് ഹൈക്കോടതിയും നേരത്തേ ശരിവെച്ചിരുന്നു. തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും സമന്‍സ് അയയ്ക്കുകയും ചെയ്തത്. കേസില്‍ ആറു ഹര്‍ജികള്‍ ആലഞ്ചേരി നല്‍കിയെങ്കിലും ഇവയെല്ലാം തള്ളുകയായിരുന്നു.
Content Highlights: Cardinal, Mar Alanchery, Syro Malabar Diocese, Court