ജാതി അധിക്ഷേപവു൦ സ്ത്രീധനപീഡനവും; സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവടക്കം മൂന്ന് പേര് അറസ്റ്റിൽ
കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം മൂന്ന് പേര് അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്നാണ് സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦ വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും പ്രണയിച്ചു വിവാഹിതരാകുന്നത്. അതിന് ശേഷം തൃശൂർ കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ വെച്ച് കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നിരുന്നതായി സംഗീതയുടെ ബന്ധുക്കളുടെ പരാതിയിൽ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച് പുലയ സമുദായ അംഗമായ സംഗീതയെ ഉൾക്കൊള്ളാൻ ഈഴവ സമുദായത്തിൽപ്പെട്ട സുമേഷിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. തുടർന്ന് സ്ത്രീധനം കിട്ടിയില്ല എന്നുള്ളതും പീഡനത്തിന് കാരണമായി മാറുകയായിരുന്നു എന്നും സംഗീതയുടെ ബന്ധുക്കൾ ആരോപിച്ചു.
Content Highlights: caste abuse, dowry abuse, husband arrested ,Sangita , suicide