പതിനേഴ് ബാങ്കുകളില്‍ നിന്ന് 34,614 കോടി തട്ടിച്ചു; ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസ്
പതിനേഴ് ബാങ്കുകളില്‍ നിന്നായി 34,615 കോടി രൂപ തട്ടിച്ച സംഭവത്തില്‍ ഡിഎച്ച്എഫ്എല്‍ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് സിബിഐ. ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ് എന്ന ഡിഎച്ച്എഫ്എലിന്റെ ഡയറക്ടമാരായ കപില്‍ വാധവാന്‍, ധീരജ് വാധാവാന് എന്നിവര്‍ക്കെതിരെയാണ് കേസ്. ഭവന വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയാണ് ഇവര്‍ കബളിപ്പിച്ചത്.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് ഇത്. ഡിഎച്ച്എഫ്എലിന്റെ സിഎംഡി ആയിരുന്ന കപില്‍ വാധവാനും ഡയറക്ടറായ ധീരജ് വാധവാനും ആറ് റിയല്‍റ്റര്‍ കമ്പനികളും ഈ തട്ടിപ്പു നടത്തുന്നതിനായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. 2020 ജൂലൈ 30 വരെ 40,623.36 കോടി രൂപയുടെ നഷ്ടമുണ്ടായതില്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് 2021ല്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് കത്തയച്ചിരുന്നു.
ഓഡിറ്റ് സ്ഥാപനമായ കെപിഎംജിയുടെ കണ്ടെത്തലുകളും പരാതിക്കൊപ്പം ബാങ്കുകള്‍ നല്‍കിയിരുന്നു. കരാര്‍ ലംഘനം, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍, അക്കൗണ്ടുകള്‍ വെളിപ്പെടുത്താതിരിക്കല് തുടങ്ങിയ പിഴവുകള്‍ ഇവര്‍ വരുത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യെസ് ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ കപില്‍ വാധവാനും ധീരജ് വാധവാനും നിലവില്‍ ജയിലിലാണ്.
Content Highlights: DHFL, Union Bank of India, CBI, Case