ബിരിയാണിയില്‍ പഴുതാര; മട്ടാഞ്ചേരിയിലെ കായിയാസ് ഹോട്ടല്‍ പൂട്ടിച്ചു
ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മട്ടാഞ്ചേരിയിലെ കായിയാസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. വെള്ളിയാഴ്ച വൈകിട്ട് തൃശൂര്‍ സ്വദേശികളായ കുടുംബത്തിന് വിളമ്പിയ ബിരിയാണിയില്‍ നിന്നാണ് പഴുതാരയെ ലഭിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
ഹോട്ടലിന്റെ അടുക്കളയില്‍ എലിയെയും എലിക്കാഷ്ഠവും കണ്ടെത്തി. കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണത്തെത്തുടര്‍ന്ന് ശക്തമായ പരിശോധനകള്‍ സംസ്ഥാനത്ത് നടക്കുന്നതിനിടെയാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ കൂടി ഇന്ന് മരിച്ചു. കാസര്‍കോട് സ്വദേശി അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. പുതുവത്സരത്തലേന്ന് ഓണ്‍ലൈനില്‍ വാങ്ങിയ കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയും പിന്നീട് മംഗളൂരുവില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.