ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി നോട്ടീസ്
ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. 27-ാം തിയതി രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കണക്കാക്കുന്നത്. 2020 ഡിസംബറില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായ ശിവശങ്കറിനെ കോടതി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്സാപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.