പി ബിജുവിന്റെ സ്മാരകത്തിന്റെ പേരിൽ ഫണ്ട് തട്ടിപ്പ്- ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സി പി എം നേതൃത്വത്തിന് പരാതി നൽകി
അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേരില്‍ പിരിവ് നടത്തി ശേഖരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന് പരാതി. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികള്‍ വിഷയത്തില്‍ സിപിഎം നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയര്‍ സെന്ററും’ ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് തുക പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു പിരിവിനു നേതൃത്വം നല്‍കിയത്.
ഇതിനായി പിരിച്ച 11 ലക്ഷത്തിലധികം രൂപ ആദ്യം കൈമാറിയതായി പറയുന്നു. ഇതില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചു എന്നതാണ് പ്രധാന പരാതി. പണം ആംബുലന്‍സ് വാങ്ങാനായി മാറ്റിവെച്ച സമയത്ത് പാളയം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷാഹിന്റെ കൈവശമാണ് പണം സൂക്ഷിച്ചിരുന്നത്. പിന്നീടാണ് ഷാഹിന്‍ ജില്ലാ വൈസ് പ്രസിഡന്റായത്.
പിരവ് നടത്തിയ തുക കൈമാറിയില്ലെന്ന പരാതിയെ വളരെ ഗൌരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
Content Highlights – Complaint that the amount collected on behalf of late CPM leader P. Biju