ആശങ്ക നീക്കി; കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂളിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചു

കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂളിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുനീക്കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടർ ജില്ലാ പഞ്ചായത്തിനു നിർദേശം നൽകിയിരുന്നു. കല്ലും മണ്ണും ഉപയോഗിച്ച് നിർമിച്ച കെട്ടിടം 100 വർഷം പഴക്കമുള്ളതായിരുന്നു. ക്ലാസുകൾ ഈ കെട്ടിടത്തിൽനിന്ന് മാറ്റിയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലായ കെട്ടിടം മേൽക്കൂരയും ഭിത്തികളും തകർന്ന നിലയിലായിരുന്നു. പൊളിക്കൽ ഇന്നലെയാണ് പൂർത്തിയായത്.അപകടാവസ്ഥയിലുള്ള തേക്ക് വെട്ടിയില്ല. കഴിഞ്ഞ ദിവസം ശിഖരങ്ങൾ മാത്രം വെട്ടിനീക്കി. മരത്തിന്റെ ചുവടുമുതൽ വലിയ പൊത്തും കേടുകളുമുണ്ട്. കഴിഞ്ഞദിവസം വെട്ടിയ ശിഖരങ്ങളിലും കേടുകൾ കണ്ടിരുന്നു. വേരുകൾ മണ്ണിന് മുകളിലാണ്. ശക്തമായ കാറ്റിൽ തേക്ക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് വീഴുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും.