പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പാചകവാതകം!!! യുഎസുമായി കരാറിൽ ഒപ്പുവച്ച് ഇന്ത്യ
രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകിക്കൊണ്ട്, പാചകവാതക വിതരണത്തിൽ കേന്ദ്ര സർക്കാർ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. എൽപിജി ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി, അമേരിക്കയിൽ നിന്ന് വലിയ തോതിൽ പാചകവാതകം വാങ്ങാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവ ചേർന്നാണ് ഈ സംയുക്ത കരാർ യാഥാർത്ഥ്യമാക്കിയത്. ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണായക ചുവടുവെയ്പാണിത്…
ഒരു വർഷത്തിനുള്ളിൽ ഏകദേശം 2.2 ദശലക്ഷം ടൺ പാചകവാതകം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തും. ഈ കരാർ ഒരു വർഷത്തേക്കാണ് ഒപ്പുവെച്ചിരിക്കുന്നത്. 2026-ലെ കരാർ വർഷം മുതലായിരിക്കും വിതരണം ആരംഭിക്കുക.
ഇന്ത്യയുടെ നിലവിലെ വാർഷിക എൽപിജി ഇറക്കുമതിയുടെ ഏകദേശം പത്ത് ശതമാനം വരുന്ന ഈ കരാർ, രാജ്യത്തിന്റെ ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിൽ നിർണായകമാണ്.
നിലവിൽ, ഇന്ത്യ പാചകവാതകത്തിനായി പ്രധാനമായും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഭൗമരാഷ്ട്രീയപരമായ വെല്ലുവിളികളും ആഗോള എണ്ണവിലയിലെ അസ്ഥിരതയും കണക്കിലെടുത്ത്, ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കേണ്ടത് അത്യാവശ്യമാണ്.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഈ നീക്കത്തെ ‘ചരിത്രപരമായ ആദ്യ കരാർ’ എന്നാണ് വിശേഷിപ്പിച്ചത്. യു.എസിൽ നിന്ന് ഒരു ചട്ടപ്പടി കരാറിലൂടെ എൽപിജി വാങ്ങുന്നത് ഇന്ത്യക്ക് ഇതാദ്യമായാണ്. ഈ കരാറിലൂടെ ഇന്ത്യക്ക് ആഗോള എൽപിജി വിപണിയിൽ കൂടുതൽ വിലപേശൽ ശേഷി ലഭിക്കുമെന്നും, അത് ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ…ആഗോള വിലയിൽ 60 ശതമാനം വർദ്ധനവുണ്ടായിട്ടും കഴിഞ്ഞ വർഷം14.2 കിലോഗ്രാം സിലിണ്ടറുകൾ സബ്സിഡി നിരക്കായ 500–550 രൂപക്ക് ലഭ്യമാക്കാനായെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. യഥാർത്ഥ വില 1100 രൂപയായിരിക്കെയായിരുന്നു ഇത്.
ആഗോള ഭീമന്മാരായ ഷെവ്റോൺ, ഫിലിപ്സ് 66, ടോട്ടൽ എനർജിസ് ട്രേഡിംഗ് എസ്.എ എന്നിവരുടെ നേതൃത്വത്തിൽ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എൽ.പി.ജി ഇന്ത്യയിലേക്ക് എത്തിക്കും. ഇന്ത്യ വാങ്ങുന്ന പാചകവാതകത്തിന്റെ നിരക്ക് ഇനിയും പുറത്തുവന്നിട്ടില്ല എന്നാൽ മോണ്ട് ബെൽവിയു വില നിലവാരമനുസരിച്ച് പ്രൊപ്പെയ്ൻ മെട്രിക് ടണ്ണിന് ഏകദേശം 62,000 രൂപയും, ബ്യൂട്ടെയ്ൻ ടണ്ണിന് ഏകദേശം 53,000 രൂപയുമണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ എൽ.പി. ജി ആവശ്യകതയുടെ 67 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര ഉൽപ്പാദനത്തിലെ സ്തംഭനവും, റിഫൈനറികൾ ഉയർന്ന ലാഭം ലഭിക്കുന്ന പെട്രോകെമിക്കലുകളിലേക്ക് ഉത്പാദനം വഴിതിരിച്ചുവിട്ടതുമാണ്
റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടമൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം….ഈ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ഊർജ്ജ മേഖലയിലെ സഹകരണം കൂടുതൽ ദൃഢമാക്കാനും, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാനും ഇത് വഴിയൊരുക്കും. വാണിജ്യ കരാറുകൾ അന്തിമമാക്കാനുള്ള ചർച്ചകൾക്ക് ഈ നീക്കം വേഗം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു…യു.എസുമായുള്ള ഈ ദീർഘകാല കരാർ, പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിനെ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. .











