രാജ്യത്ത് പാചക വാതക വില കുറയുന്നു
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് അതിശയിപ്പിക്കുന്ന വില

രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് സിലിണ്ടര്‍ ഒന്നിന് 51.50 രൂപ കുറച്ചിരിക്കുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രിയാണ് എണ്ണകമ്ബനികള്‍ തീരുമാനം പ്രഖ്യാപിച്ചത്.
പരിഷ്കരിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില സെപ്റ്റംബര്‍ 1 മുതല്‍ 1580 രൂപയായിരിക്കും. നേരത്തെ 1,631.50 രൂപയായിരുന്നിടത്ത് നിന്നാണ് 1,580 രൂപയായി കുറഞ്ഞത്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ വാണിജ്യ എല്‍പിജി വില യഥാക്രമം 1,684 രൂപ, 1,531.5 രൂപ, 1,738 രൂപയായി മാറും എന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്ബനികള്‍ അറിയിച്ചു. അതേസമയം 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വില ഏപ്രില്‍ 8 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 853 രൂപയും, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 868.50, 879, 852.50 രൂപയുമായി തുടരുകയാണ്.
അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചത് ചെറുകിട ബിസിനസുകള്‍ക്ക്, ചെറിയ കടകള്‍, ഹോട്ടലുകള്‍, ഭക്ഷ്യ ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ജോലികള്‍ക്കായി സിലിണ്ടറുകളെ ആശ്രയിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. ആഗോള ഇന്ധന മാനദണ്ഡങ്ങളും ഇന്‍പുട്ട് ചെലവുകളും കണക്കിലെടുത്ത് എണ്ണക്കമ്ബനികള്‍ പതിവായി പ്രതിമാസം എല്‍പിജി വിലയില്‍ പരിഷ്കരണങ്ങള്‍ വരുത്താറുണ്ട്.
അന്താരാഷ്ട്ര ഊര്‍ജ്ജ വില ചലനങ്ങളും വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് എണ്ണ വിപണന കമ്ബനികള്‍ എല്‍പിജി നിരക്കുകള്‍ പ്രതിമാസം പരിഷ്കരിച്ച് വരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില സ്ഥിരമായി കുറയുകയാണ്. ഇതുവരെ ഏകദേശം 220 രൂപയോളമാണ് ഒരു സിലിണ്ടറിന് കുറവ് വന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ എണ്ണക്കമ്ബനികള്‍ക്ക് 12 ഭാഗങ്ങളായി 30,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഇത് രാജ്യത്ത് എല്‍പിജിയുടെ വില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിച്ചു. ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും എല്‍പിജി വില സ്ഥിരമായി നിലനിര്‍ത്തിയ എണ്ണക്കമ്ബനികള്‍ക്ക് പന്ത്രണ്ട് ഭാഗങ്ങളായി 30,000 കോടി രൂപ നഷ്ടപരിഹാരം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
ജൂലൈ ഒന്നിന് 58.50 രൂപയും, ആഗസ്തിൽ 33.50 രൂപയും കുറച്ചതിനു പിന്നാലെയാണ് വീണ്ടും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്.ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും സിലണ്ടറിന് കുറച്ചിരുന്നു. എന്നാൽ മാർച്ചിൽ ഏകദേശം ആറ് രൂപയോളം വർധിപ്പിക്കുകയും ചെയ്തിരുന്നു.