നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ പ്രതിചേര്‍ക്കില്ല
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. കേസില്‍ കാവ്യ മാധവനെ പ്രതിചേര്‍ക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കാവ്യ മാധവന് പ്രതിയാകും എന്ന സൂചന തുടരന്വേഷണത്തിന്റെ പലഘട്ടങ്ങളിലും പുറത്തുവന്നിരുന്നു. ചോദ്യംചെയ്യലിനായി കാവ്യ മാധവനെ രണ്ടു തവണ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയായിരുന്നു. പ്രതിയാകാത്ത സാഹചര്യത്തില്‍ കാവ്യ കേസില്‍ സാക്ഷിയായി തുടരും. മെയ് 31നകം തുടരന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യംചെയ്യാന്‍ ഉണ്ടെന്നുകാട്ടിയായിരുന്നു തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമയം നീട്ടി ചോദിച്ചത്. മെയ് 31 വരെ സമയം നീട്ടിനല്‍കിയിരുന്നെങ്കിലും അഭിഭാഷകരെ ചോദ്യംചെയ്യാതെ പിന്മാറാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ തുടരന്വേഷണം പലതവണ സമയം നീട്ടിനല്‍കിയ കോടതി ഇനിയും സമയം നീട്ടിനല്കിലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ടീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുള്ള സമര്‍ദ്ദവും അന്വേഷണം അവസാനിപ്പിക്കാനാനുള്ള തീരുമാനത്തിന് കാരണമായി എന്നാണ് സൂചന.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് പിന്മാറി. തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കാനുള്ള നീക്കത്തിലായിരുന്നു അന്വേഷണസംഘം. വിചാരണ കോടതി മാറ്റത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല.
തുടരന്വേഷണത്തിന്റെ അധിക കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമെ അധികമായി പ്രതിചേര്ക്കപ്പെടുകയുള്ളു. ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് ശരത്തിനെ പ്രതിചേര്‍ക്കുക.
Content Highlight: Crime Branch to end probe in actress assault case without accusing Kavya Madhavan.