പാമ്പാടി വില്ലേജ് ഓഫിസിൽ പ്രതിസന്ധി; വൈദ്യുതി മുടങ്ങിയാൽ ലാപ്ടോപ്പുകൾ നിശ്ചലം

പാമ്പാടി വില്ലേജിൽ, ഓഫിസറും അത്യാവശ്യം ജീവനക്കാരും എത്തിയപ്പോൾ പ്രിന്റർ തകരാറിലായത് പ്രതിസന്ധിക്ക് ഇടയാക്കി. നിലവിലുണ്ടായിരുന്ന ഓഫിസർ സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് മാറിയതോടെ മാസങ്ങളായി മീനടം കൂരോപ്പട വില്ലേജ് ഓഫിസർക്കായിരുന്നു ചുമതല. തുടർന്ന് ഓഗസ്റ്റ് ഒന്നിനു പുതിയ ഓഫിസറും ജീവനക്കാരും ചുമതലയേറ്റു. എന്നാൽ സുഗമമായ പ്രവർത്തനത്തിന് തടസ്സമായത് ഓഫിസിലെ തകരാറിലായ പ്രിന്ററാണ്. പാമ്പാടി, സൗത്ത് പാമ്പാടി, വെള്ളൂർ മേഖലകൾ ഉൾപ്പെടുന്ന വലിയ ഭൂപ്രദേശമാണു പാമ്പാടി വില്ലേജ് ഓഫിസിന് കീഴിലുള്ളത്.സമീപമുള്ള മറ്റേതു വില്ലേജ് ഓഫിസിനേക്കാളും തിരക്കേറെയും. കംപ്യൂട്ടറുകൾ തകരാർ ആയതിനെത്തുടർന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ഒരാഴ്ച മുൻപ് രണ്ടു ലാപ്ടോപ്പുകൾ നൽകിയതായാണ് ഏക ആശ്വാസം. വൈദ്യുതി മുടങ്ങിയാൽ യുപിഎസിന്റെ കാലപ്പഴക്കം കൊണ്ട് നിമിഷങ്ങൾക്കകം നിശ്ചലമാകും. പുതിയ ഓഫിസറെത്തി ഫയലുകൾ അടുക്കി വൃത്തിയാക്കി ഓഫിസിന് പുതുമുഖം നൽകിയെങ്കിലും റെഡ്ക്രോസ് സൊസൈറ്റിയുടെ ഇടുങ്ങിയ മുറിക്കുള്ളിലാണ് പ്രവർത്തനം. സ്മാർട് വില്ലേജ് ഓഫിസ് പണിയുന്നതിനു പഴയ കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല. ഇതോടൊപ്പം ശിലാസ്ഥാപനം നടത്തിയ കൂരോപ്പട സ്മാർട് വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്.