ഷൂട്ടിംഗ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; ഹിമാചല്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍
ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു വെടിയേറ്റ് മരിച്ച കേസില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിംഗ് ആണ് അറസ്റ്റിലായത്. 2015ല്‍ നടന്ന സംഭവത്തില്‍ സിബിഐ ആണ് കല്യാണി സിംഗിനെ അറസ്റ്റ് ചെയ്തത്. സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണ്. പ്രതിയെ സഹായിച്ചത് കല്യാണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
2016ല്‍ അന്വേഷണം ആരംഭിച്ചതു മുതല്‍ കല്യാണിയെ സിബിഐക്ക് സംശയമുണ്ടായിരുന്നു. കൊലപാതകിക്ക് ഒരു സ്ത്രീയുടെ സഹായമുണ്ടായിരുന്നുവെന്ന് സിബിഐ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. സഹായിയായ സ്ത്രീയെ കണ്ടെത്തുന്നതിനായി 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ കല്യാണിയെ കോടതിയില്‍ ഹാജരാക്കി സിബിഐ നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
അഭിനവ് ബിന്ദ്രയ്ക്കൊപ്പം ദേശീയ ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സിപ്പി സിംഗ് ഒരു കോര്‍പറേറ്റ് അഭിഭാഷകനും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് എസ് എസ് സിദ്ധുവിന്റെ പൗത്രനുമാണ്. 2015 സെപ്റ്റംബര്‍ 20നാണ് വെടിയേറ്റ് മരിച്ച നിലയില്‍ സിപ്പിയുടെ മൃതദേഹം ചണ്ഡിഗഡിലെ സെക്ടര്‍ 27ലെ ഒരു പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയത്. പ്രണയബന്ധം തകര്‍ന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
Content Highlights: Sippy Sidhu, Kalyani Singh, Shooting, Murder