വാരാണസി സ്ഫോടനക്കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

വാരാണസി സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2006 മാര്‍ച്ച് 7ന് രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിലാണ് 16 വര്‍ഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂണ്‍ 4ന് കോടതി കണ്ടെത്തിയിരുന്നു.
വാരാണസി സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമായിരുന്നു സ്ഫോടനം. സംഭവത്തില്‍ 20 പേര് കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സങ്കട് മോചന് ക്ഷേത്രത്തില്‍ പുലര്‍ച്ചെ 6.15നായിരുന്നു ആദ്യ സ്ഫോടനം. 15 മിനിറ്റിന് ശേഷം റെയില്‍വേ സ്റ്റേഷന്റെ ഫസ്റ്റ് ക്ലാസ് റിട്ടയറിംഗ് റൂമിന് പുറത്ത് രണ്ടാമത്തെ ബോംബും പൊട്ടിത്തെറിച്ചു.
ഗഡോലിയയിലെ ജനവാസ മേഖലയില്‍ നിന്ന് മൂന്നാമതൊരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ ഫൂല്പൂര് സ്വദേശിയായ മുഹമ്മദ് വാലിയുള്ളയെ തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Varanasi, Blast Case, Death Penalty, Life Imprisonment