വധഗൂഢാലോചനക്കേസിലെ ദിലീപിൻ്റെ ശബ്ദരേഖ: മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനക്കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ചാണ് ക്രൈം ബാഞ്ച് ഉദ്യോഗസ്ഥർ മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.
ഇന്നുച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് അഞ്ചുപേരടങ്ങുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മഞ്ജു വാര്യരുമായി കൂടിക്കാഴ്ച നടത്തിയത്. വർഗീസ് അലക്സാണ്ടർ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
വധഗൂഢാലോചനക്കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ സമർപ്പിച്ച ഓഡിയോ ടേപ്പുകളിലെ ദിലീപിൻ്റെയും ഭാര്യാ സഹോദരൻ സുരാജിൻ്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജുവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സാർക്ക് ന്യൂസിന് ലഭിച്ച വിവരം. ദിലീപിൻ്റെ മുൻ ജീവിത പങ്കാളി എന്ന നിലയിൽ ഇവരുടെ ശബ്ദം തന്നെയാണോ ശബ്ദരേഖകളിൽ ഉള്ളതെന്ന് ആധികാരികമായി പറയാൻ മഞ്ജു വാര്യർക്ക് സാധിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കരുതുന്നത്.
സഹപ്രവർത്തകയെ ബലാൽസംഗം ചെയ്യാൻ കൊട്ടേഷൻ നൽകിയെന്ന കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ്.