സരിതയുമായി ബന്ധമില്ല, പി സി ജോര്‍ജിനെ അറിയില്ല; വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്ന
തനിക്ക് ഇനിയും ഏറെ പറയാനുണ്ടെന്ന് സ്വപ്ന സുരേഷ്. എന്നാല്‍ രഹസ്യമൊഴി ആയതിനാല്‍ ഒന്നും പറയാനാകില്ല. തന്റെ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. സരിതയുമായി തനിക്ക് ബന്ധമില്ല. സരിതയുടെ പല വാഗ്ദാനങ്ങളും താന്‍ നിരസിച്ചു. പി സി ജോര്‍ജിനെ തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. താന്‍ എഴുതിക്കൊടുത്ത എന്തെങ്കിലുമുണ്ടെങ്കില്‍ പി സി ജോര്‍ജ് അത് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്ന ആരോപണങ്ങള്‍ ചെറുതാണ്. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. തന്റെ രഹസ്യമൊഴി ആരും സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയത്. പി സി ജോര്‍ജിന് സര്‍ക്കാരിനോട് വിദ്വേഷമുണ്ടാകാം. മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് താന്‍ പറയുന്നില്ല. ആരു മുഖ്യമന്ത്രിയായാലും അവരുടെ വരുമാനമല്ല തന്റെ വീട്ടില്‍ ചെലവിന് ഉപയോഗിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
തന്റെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെക്കുറിച്ചും അവര്‍ക്ക് കേസിലെ പങ്കെന്തായിരുന്നു എന്നതിനെക്കുറിച്ച് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു സ്ത്രീകളോ അല്ലെങ്കില്‍ ഉള്‍പ്പെട്ടവരുടെ ഭാര്യയോ മകളോ ഒക്കെ സുഖമായി ജീവിക്കുന്നുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പിന്നാലെ പി സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. സ്വപ്നയെക്കുറിച്ചായിരുന്നു സംഭാഷണം.
Content Highlight: Swapna, Saritha, P C George, Gold Smuggling Case