കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 2018ല്‍ നടന്ന കൊലപാതകത്തിലാണ് നാലു വര്‍ഷത്തിനു ശേഷം വിധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഒന്നാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ 1,65,000 രൂപ പിഴയും ഒടുക്കണം.
കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്നു നല്കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
2018 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷാദരോഗത്തെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയെ രാവിലെ നടക്കാനിറങ്ങിയതിനു ശേഷം കാണാതാകുകയായിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.