ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
എഡ്യക്കേഷന് ആപ്പ് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബംഗളൂരുവിലെ രണ്ട് ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. വിദേശ ഫണ്ടിംഗ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണങ്ങളിലാണ് റെയ്ഡ് എന്നാണ് വിവരം.
ഫെമ നിയമം അനുസരിച്ചാണ് പരിശോധന. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.
റെയ്ഡില്‍ ഒട്ടേറെ രേഖകളും ഡേറ്റയും പിടിച്ചെടുത്തതായും വാര്‍ത്താക്കുറിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.