എകെജി സെന്ററില്‍ ബോംബെറിഞ്ഞ സംഭവം; സ്ഫോടകവസ്തു നിയമം അനുസരിച്ച് കേസെടുത്തു
എകെജി സെന്ററില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ സ്ഫോടകവസ്തു നിയമം അനുസരിച്ച് കേസെടുത്തു. സ്കൂട്ടറിലെത്തി സ്ഫോടകവസ്തു എറിഞ്ഞ അജ്ഞാതനെതിരെയാണ് കേസ്. സ്ഫോടകവസ്തു നിയമത്തിലെ 3(എ) വകുപ്പും ഐപിസി സെക്ഷന്‍ 436 അനുസരിച്ചുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തു തന്നെയാണ് എറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.
പ്രതിയുടെ മുഖമോ സ്കൂട്ടറിന്റെ നമ്പറോ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല. ഇയാളെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.25ഓടെയാണ് എകെജി സെന്ററിന് സമീപത്തെ എകെജി ഹാളിന്റെ ഗേറ്റിലൂടെ അക്രമി സ്ഫോടക വസ്തു അകത്തേക്ക് എറിഞ്ഞത്.
കുന്നുകുഴി ഭാഗത്തു നിന്ന് സ്കൂട്ടറിലെത്തിയ അക്രമി ബോംബെറിഞ്ഞതിന് ശേഷം തിരികെ അതിവേഗത്തില്‍ മടങ്ങുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. ബോംബെറിഞ്ഞത് കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി.
Content Highlights: CPI M, AKG Centre, Bomb, Blast