നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു; അച്ഛന്റെ സഹോദരന് പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ അച്ഛന്റെ സഹോദരന് പിടിയില്‍. പൊതുസ്ഥലത്തു വെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കുറ്റത്തിനാണ് മനു എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.
കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വിലയിരുത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടിയെയും ബന്ധുക്കളെയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷിനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു. ‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചന് നോക്കിക്കോളും’, എന്ന് ഇയാള്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഇയാള്‍ക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.