വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണം; 85 ലക്ഷം രൂപയുടെ നഷ്ടം; 3000 പേര്‍ക്കെതിരെ കേസ്
വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പോലീസ് സ്റ്റേഷന് പൂര്‍ണ്ണമായി തകര്‍ന്നു. പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സമരക്കാര്‍ പോലീസിനെ ബന്ദിയാക്കിയെന്നും പ്രതികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസുകാരെ സ്റ്റേഷനിലിട്ട് കത്തിച്ചു കളയുമെന്ന് ഭീഷണി മുഴക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. പോലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖ നിര്‍മാണത്തിനായി കല്ലുകള്‍ എത്തിച്ച ലോറികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവരാണ് പോലീസ് സ്റ്റേഷന് ആക്രമിച്ചത്.
പോലീസ് സ്റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. കല്ലും കമ്പും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ഹെല്പ് ഡെസ്കും ജനല്‍ ചില്ലുകളും തകര്‍ത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും സാധിച്ചില്ല. ഫോര്‍ട്ട് പോലീസിന്റെ രണ്ടു ജീപ്പുകളും സ്റ്റേഷന് പുറത്തുണ്ടായിരുന്ന ഒരു ജീപ്പും വാനും സമരക്കാര്‍ തകര്‍ത്തു. സ്റ്റേഷനിലെ സി.സി.ടി.വിയും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.