വിഴിഞ്ഞത്ത് ലോറികള്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം; വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. തുറമുഖ നിര്‍മാണത്തിനാവശ്യമായ കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.യൂജിന്‍ പെരേരയുള്പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ മുല്ലൂരിലെ വീടുകളുള്‍പ്പെടെ തുറമുഖവിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സര്‍ക്കാരും അദാനിയും ശ്രമിക്കുന്നതെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനം തടയരുതെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് 25 ലോറികള്‍ കല്ലുകളുമായി പദ്ധതി പ്രദേശത്തേക്ക് എത്തിയത്. ഇതോടെ സമരപ്പന്തലിലുണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളും വൈദികരും ലോറികള്‍ തടയുകയായിരുന്നു. തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവര്‍ ലോറികള്‍ കടത്തി വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.