കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു ഗോഡൗണില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മരിച്ചു
തിരുവനന്തപുരം, കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മരിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണിലാണ് തീപീടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മരിച്ചത്. ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. തീയണയ്ക്കാന്‍ മതില് പൊളിച്ചു കയറുമ്പോള്‍ ഭിത്തി ദേഹത്തേക്ക് മറിഞ്ഞു വീണാണ് അപകടം.
രഞ്ജിത്തിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. തീ പൂര്‍ണ്ണമായും അണച്ചു കഴിഞ്ഞു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കനത്ത ചൂടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഒന്നരക്കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
കാലാവധി കഴിഞ്ഞ മരുന്നുകളും സാനിറ്റൈസറുകളും സ്പിരിറ്റും ബ്ലീച്ചിംഗ് പൗഡറും സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരന് മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തിയാണ് തീയണച്ചത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് ഫയര്‍ഫോഴ്സ് അനുമതിയുണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് ഡിജിപി ബി സന്ധ്യ പറഞ്ഞു.