കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂരില്‍ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര് അറസ്റ്റില്‍. ജി.എം നഗര്‍ ഉക്കടം സ്വദേശികളായഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന് കോവിലിന് മുന്നിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിന്‍ഡറുകളാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന ജമീഷ മുബീന് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. എന്‍ജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചോദ്യം ചെയ്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തീവ്രവാദ സംഘടനയായ അല്‍ ഉമയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. 1998-ലെ കോയമ്പത്തൂര്‍ സ്ഫോടനം ആസൂത്രണം ചെയ്തത് അല്‍-ഉമയായിരുന്നു.
പഴയ തുണികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ജമീഷ മുബീനിന്റെ വീട്ടില്‍ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി. സ്ഫോടനം നടന്ന കാറില്‍നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഫോടനത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ തീരുമാനിച്ചത്.