അക്രമ സംഭവങ്ങളില്‍ അദാനിയുടെ ഏജന്റുമാര്‍, സമരം പൊളിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ; ആരോപണവുമായി ഫാ.യൂജിന്‍ പെരേര

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലുണ്ടായ സംഘര്‍ഷത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് സമരസമിതി ചെയര്മാന് ഫാ. യൂജിന്‍ പെരേര. അക്രമസംഭവങ്ങളില്‍ അദാനിയുടെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ട്. അവരാണ് അടുത്ത കെട്ടിടത്തില്‍ നിന്ന് കല്ലെറിഞ്ഞതെന്നും സമരം പൊളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയാണ് ഇന്നലെ കണ്ടതെന്നും യൂജിന്‍ പെരേര ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് പിടികൂടിയ സെല്‍ട്ടണ്‍ ഈ സംഭവങ്ങളിലൊന്നും പങ്കാളിയല്ല. എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ പോലീസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. അദ്ദേഹത്തെ വിടണമെന്നുള്ള ഞങ്ങളുടെ അപേക്ഷ പോലീസ് കേട്ടില്ല. 26 ന് നടന്ന സംഭവങ്ങളില്‍ എന്റെ പേരില്‍ ഉള്‍പ്പടെ കേസെടുത്തിരിക്കുകയാണ്. ആര്‍ച്ച് ബിഷും സഹായ മെത്രാനും സമരപ്പന്തലില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷിയോഗത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ കൃത്യമായ അജണ്ട നിശ്ചയിക്കണം. അക്രമ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കുമെന്നും പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും ഫാ.പെരേര പറഞ്ഞു.