ലൊക്കേഷനുകള്‍ പരിശോധന നടത്തുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; നിര്‍മാതാവ് സുരേഷ് കുമാര്‍

സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനം സ്വാഗതം ചെയ്യുന്നതായി നിര്‍മാതാവും ഫിലിം ചേംബര്‍ അധ്യക്ഷനുമായ ജി സുരേഷ് കുമാര്‍. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് ആവശ്യമില്ല. ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം ‘അമ്മ’യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ പക്കല്‍ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെ ഉപയോഗിക്കുമെന്ന് എല്ലാവര്ക്കും അറിയാം. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.