ഇളയ മകളുടെ വിവാഹത്തിന് സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിച്ചു; അമ്മയുടെ പരാതിയില്‍ മൂത്ത മകളും ഭര്‍ത്താവും അറസ്റ്റില്‍

കോട്ടയത്ത് ഇളയ മകളുടെ വിവാഹത്തിനായി അമ്മ സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിച്ച മൂത്ത മകളും ഭര്‍ത്താവും പിടിയില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരാണ് ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായത്. 10 പവന് സ്വര്‍ണ്ണമാണ് ഇവര്‍ മോഷ്ടിച്ചത്.
പേരൂരിലെ കുടുംബവീട്ടില്‍ ഓണത്തിന് എത്തിയപ്പോഴാണ് ഐശ്വര്യ സ്വര്‍ണ്ണം കവര്‍ന്നത്. അമ്മ പാലക്കാട് ജോലിക്ക് പോയിരിക്കുകയായിരുന്നു. സ്വര്‍ണ്ണവുമായി ഇവര്‍ തിരുവനന്തപുരത്തേക്ക് പോയി. പാലക്കാട്ടു നിന്ന് തിരിച്ചെത്തിയ അമ്മ സ്വര്‍ണ്ണം കാണാതായത് സ്ഥിരീകരിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തു. തന്റെ അച്ഛന് സ്വര്‍ണം എടുക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസിനെ ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് ഇവരെ സംശയിക്കാന്‍ കാരണം.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകള്‍ക്കൊടുവില്‍, സ്വര്‍ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് കണ്ടെത്തി. ഭര്‍ത്തൃവീട്ടില്‍നിന്ന് 10 പവന് സ്വര്‍ണം കണ്ടെടുത്തു. ഇതില്‍ അഞ്ച് പവന് മുക്കുപണ്ടമായിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്ന് അഞ്ചുപവന്‍ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയില്‍ വെക്കുകയായിരുന്നെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.