കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തി; കൊച്ചുമകന് പിടിയില്‍
കൊല്ലത്ത് ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന് പിടിയില്‍. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തില്‍ പൊന്നമ്മ(90)യാണ് മരിച്ചത്. പൊന്നമ്മയുടെ മകളുടെ മകന് ഉണ്ണി എന്ന സുരേഷ് കുമാര്‍ (35) ആണ് പിടിയിലായത്. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരം നടത്താന്‍ ശ്രമം നടക്കുന്നതിനിടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.
സുരേഷ് മദ്യപിച്ച് വീട്ടിലെത്തുന്നതിനെ പൊന്നമ്മ എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ പൊന്നമ്മയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ പൊന്നമ്മയെ സുരേഷ് കട്ടിലില്‍ തലയിടിപ്പിച്ചും കഴുത്തു മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുരേഷിന്റെ അമ്മ സുമംഗലയും പൊന്നമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സുമംഗല ആടിനെ തീറ്റാന്‍ പുറത്തുപോയ സമയത്തായിരുന്നു കൊല.
സുമംഗല തിരിച്ചെത്തിയപ്പോള്‍ പൊന്നമ്മ മരിച്ചതായി സുരേഷ് പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്കാരം നടത്താന്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തലയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.