പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയെ ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടു
ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര കോടതി കസ്റ്റഡി അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന് നിര്‍മല്‍ കുമാറിനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
മുഖ്യപ്രതിയായ ഗ്രീഷ്മയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന് അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന നിലപാടാണ് പ്രതിഭാഗം കൈക്കൊണ്ടത്.
ഷാരോണ്‍ വിഷം കൊണ്ടുവന്നതായിക്കൂടേയെന്ന് പ്രതിഭാഗം വാദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം ചോദിച്ചു. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറില്‍ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല.
ഷാരോണും തന്റെ മരണമൊഴിയില്‍ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോള്‍ഡറായ ഒരു പെണ്‍കുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.