ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ചോദ്യം ചെയ്യാന്‍ അനുമതി; അറസ്റ്റ് തടഞ്ഞു
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം അനുസരിച്ച് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് നല്കിയ പരാതിയില്‍ ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ ചോദ്യംചെയ്യാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. അതേസമയം അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ചോദ്യംചെയ്യലിന്റെ പേരില്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി.
സാബു ജേക്കബിന്റെ ഹര്‍ജിയില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കുന്നതിനു മാറ്റിവച്ചു. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കുറ്റകൃത്യം കണ്ടെത്തിയാലും മാനസിക പീഡനം ഏല്പിക്കുകയോ അറസ്റ്റിലേക്കു കടക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു. ബഹിഷ്കരണം പ്രതിഷേധ മാര്‍ഗമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
അതേസമയം ബഹിഷ്കരണം ഒരു തരത്തില്‍ അപമാനിക്കല്‍ തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണു തീരുമാനിക്കുന്നത് എന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
എംഎല്‍എയെ ജാതിയമായി അധിക്ഷേപിച്ചിട്ടില്ലെന്നു സാബു എം. ജേക്കബ് കോടതിയില്‍ വാദിച്ചു. ശ്രീനിജിന്റെ പരാതിയില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സാബു എം.ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദറുദ്ദീന്‍ പിന്മാറിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്.