പി വി ശ്രീനിജന്റെ പരാതി; എഫ്ഐആര്‍ റദ്ദാക്കണമെന്ന സാബു എം ജേക്കബിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീനാണ് പിന്മാറിയത്. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും. ചൊവ്വാഴ്ച കേസെടുത്തപ്പോള്‍ തന്നെ താന്‍ പിന്മാറുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് ശ്രീനിജന് നല്കിയ പരാതിയില്‍ പറയുന്നത്. ഐക്കരനാട് പഞ്ചായത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎല്‍എ എത്തിയപ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയിരുന്നു. ഇത് ജാതിയധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീനിജന് പരാതി നല്‍കിയത്.
ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പോലീസ് കേസെടുത്തു. അതേസമയം തനിക്കെതിരെ എടുത്തിട്ടുളള കേസ് നിലനില്‍ക്കില്ല എന്ന് കാട്ടിയാണ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.