വിമാന പ്രതിഷേധം; മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിമാനത്തിലെ സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനീത് കുമാറാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തിയത് ഇയാളാണ്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിമാനത്തില്‍ വെച്ച് താന്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും തന്നെ പോലീസ് തെറ്റായി പ്രതിചേര്‍ത്തതാണെന്നും ജാമ്യഹര്‍ജിയില്‍ സുനീത് പറയുന്നു. വ്യക്തിപരമായ ആവശ്യത്തിനാണ് താന്‍ തിരുവനന്തപുരത്ത് പോയതെന്നും സുനീത് പറയുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫര്സീന് മജീദും നവീന്‍ കുമാറും നല്കിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. മുന്‍നിരയിലെ സീറ്റിലായിരുന്നു തങ്ങള്‍ ഇരുന്നത്. മുഖ്യമന്ത്രി പിന്‍നിരയിലായിരുന്നു. ഇ പി ജയരാജനും സുരക്ഷാ ഉദ്യോഗസ്ഥനും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. ജയരാജനെതിരെ കേസെടുത്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
Content Highlights: Flight Incident, Suneeth Kumar, Farzin Majeed, Naveen Kumar, Chief Minister, E P Jayarajan