സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമെന്ന് ഹൈക്കോടതി. ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കം മൂന്ന് എന്‍ജിനീയര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു.
കാലവര്‍ഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകര്‍ന്നു തുടങ്ങിയതെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തോടെയാണ് ഈ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്. അപ്പോള്‍ തന്നെ, അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡുകളില്‍, പൊതുമരാമത്ത് വകുപ്പിലെ നിരത്തു വിഭാഗത്തോട് മറ്റ് നിര്‍മാണ പ്രവൃത്തികള്‍ ചെയ്യേണ്ടതില്ലെന്ന് ചീഫ് എന്‍ജിനീയര്‍ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതിനാലാണ് ഇത്.
ഇതോടെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ കയറി വരാതിരിക്കാനുള്ള നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. പക്ഷേ അതിനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് കോടതി പറയുകയായിരുന്നു.