എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി; ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമോയെന്ന് ചോദ്യം
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി. ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് ചോദിച്ച കോടതി ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമായിരുന്നോ എന്നും ആരാഞ്ഞു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ആദ്യം നല്കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും ഹാജരായിരുന്നു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പറഞ്ഞു.
വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. എം.എല്‍.എ. കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കൂടെ പരിഗണിച്ച ശേഷം ജാമ്യം റദ്ദാക്കുന്ന വിഷയത്തില്‍ കോടതി തീരുമാനം എടുക്കും.