ജീവനക്കാര്‍ക്കും ജീവിക്കണം; കെഎസ്ആര്‍ടിസി എത്രനാള്‍ ശമ്പളം കൊടുക്കാതെ മുന്നോട്ടു പോകുമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നടക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എത്രനാള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവര്‍ക്ക് ശമ്പളം കൊടുത്താല്‍ മതി. ജീവനക്കാര്‍ക്കും ജീവിക്കണം, കുട്ടികളെ പഠിപ്പിയ്ക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചാം തിയതിക്ക് മുന്‍പായി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എത്രയും വേഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. അതിനുശേഷം മിനിസ്റ്റീരിയല്‍ സ്റ്റാഫിന് നല്കിയാല് മതി. സ്ഥാപനത്തിന്റെ ആസ്ഥിയും ബാധ്യതകളും ജൂണ്‍ 21 മുമ്പ് അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റി.
എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം കിട്ടണം. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ വായ്പയെടുത്ത് ഒരു സ്ഥാപനം എങ്ങിനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെ ഒരു കമ്പനി നടത്താന്‍ കഴിയുമോ? 800 ബസുകള്‍ കട്ടപ്പുറത്താണ്. ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസി നിന്നു പോകും. ആരെങ്കിലും നേതൃത്വം ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ലാഭവും നഷ്ടവും ഇല്ലാതെ കെ.എസ്.ആര്.ടി.സിയെ എത്തിക്കലാകണം മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും ലക്ഷ്യം. യൂണിയന് പ്രവര്‍ത്തനവും കൊടിപിടിക്കലും മാത്രമാണ് നിലവില്‍ നടക്കുന്നത്. കെ.എസ്.ആര്.ടി.സി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിയ്ക്കണം. മാനേജ്മെന്റിന് കാര്യപ്രാപ്തി വേണം. യൂണിയനുകള്‍ മിണ്ടുമ്പോള്‍ മിണ്ടുമ്പോള്‍ സമരം ചെയ്യുകയാണ്. നടപടിയെടുത്താല്‍ അപ്പോള്‍ സമരം ചെയ്യും. കെ.എസ്.ആര്.ടി.സിയുടെ ദുരവസ്ഥയ്ക്ക് തൊഴിലാളികളും ഉത്തരവാദികളാണ്. അവകാശങ്ങളേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
Content Highlights: KSRTC, High Court, Unions, Salary Issue