ഒമര്‍ ലുലുവിന്റെ നല്ല സമയത്തിനെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിനെതിരെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് എക്സൈസ് കമ്മീഷണര്‍ കേസെടുത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനു ശേഷം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനെതിരെയായിരുന്നു കേസ്.
ട്രെയിലറില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചിത്രീകരിച്ചിരുന്നു. സിനിമ റിലീസായതിനു പിന്നാലെ നായികമാരില്‍ ഒരാള്‍ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചതും വിവാദമായിരുന്നു. അബ്കാരി, എന്‍.ഡി.പി.എസ്.നിയമങ്ങള്‍ പ്രകാരമാണ് സംവിധായകനും നിര്‍മാതാവിനും എതിരെ കേസെടുത്തത്.
കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 20ന് റിലീസ് തിയതി പ്രഖ്യാപിക്കുമെന്ന് ഒമര്‍ ലുലു അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി കോഴിക്കോട്ടെത്തിയ നടി ഷക്കീലയെ ഹൈലൈറ്റ് മാളില്‍ പ്രവേശിപ്പിക്കാതിരുന്നതും വിവാദമായിരുന്നു.