ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ; ബ്രഹ്മപുരത്തില് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയില്‍ ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണെന്നും ഓരോ ദിവസവും നിര്‍ണായകമാണെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടു. ബോര്‍ഡ് ചെയര്മാന്, കലക്ടര്‍, കോര്പറേഷന് സെക്രട്ടറി എന്നിവര്‍ 1.45ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇന്നും കനത്ത പുക ദൃശ്യമായിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് തിങ്കളാഴ്ച കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
തിങ്കളാഴ്ച വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിന്റെ ഉള്ളിലെ തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്ന് ഉയരുന്ന പുക സമീപ ജില്ലകളിലേക്കും വ്യാപിക്കുന്ന നിലയാണുള്ളത്.