വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തി; ബൈജു കൊട്ടാരക്കരയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയാരംഭിച്ച് ഹൈക്കോടതി
സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയാരംഭിച്ച് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി. കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ബൈജു കൊട്ടാരക്കരയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവസാന അവസരമായിരിക്കും ഇതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവസരം നല്‍കിയെങ്കിലും നോട്ടീസ് നടപടി പൂര്‍ത്തിയായിരുന്നില്ല. ചാനല്‍ ചര്‍ച്ചയ്ക്കിടെ വിചാരണക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയിരിക്കുന്ന ചാര്‍ജ് ഷീറ്റില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യംചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയ നിഴലിലാക്കുന്നതാണ്.
നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണിത്. ബൈജുവിന്റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.