വൃക്കമാറ്റിവെക്കല് ശസ്ത്രക്രിയ വൈകിയതു മൂലം രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം മെഡിക്കല് കോളേജില് വൃക്കമാറ്റിവെക്കല് ശസത്രക്രിയ വൈകിയതു മൂലം രോഗി മരിച്ച സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ശസ്ത്രക്രിയ യഥാസമയം നടത്താത്തതാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന പരാതിയിലാണ് കമ്മീഷന് കേസെടുത്തത്. പരാതിയില് സംസ്ഥാന മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്ദേശിച്ചു.
മനുഷ്യാവകാശ പ്രവര്ത്തകരായ ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസുമാണ് പരാതി നല്കിയത്. ശസ്ത്രക്രിയ വൈകിയതിന് കാരണം തിരുവനന്തപുരം മെഡിക്കല് കോളേജ് അധികൃതരുടെ വീഴ്ചയാണെന്ന് പരാതിയില് പറയുന്നു. കാരക്കോണം സ്വദേശിയായ രോഗിയാണ് ശസ്ത്രക്രിയ വൈകിയതു മൂലം മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില് നിന്ന് രണ്ടര മണിക്കൂറില് മാറ്റിവെക്കാനുള്ള വൃക്ക തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാല് ശസ്ത്രക്രിയ മൂന്നൂ മണിക്കൂര് വൈകിയാണ് ആരംഭിച്ചത്.
മെഡിക്കല് കോളേജിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങള്ക്ക് എതിരെയാണ് പരാതി. വൃക്ക എത്തിയപ്പോള് തന്നെ ശസ്ത്രക്രിയ ആരംഭിച്ചിരുന്നെങ്കില് രോഗി രക്ഷപ്പെടുമായിരുന്നെന്നും പരാതിയില് പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്പ് രോഗിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ടായിരുന്നുവെന്നും അതു മൂലമാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് ഡോക്ടര്മാര് നല്കുന്ന വിശദീകരണം. എന്നാല് വൃക്കയുമായി എറണാകുളത്തു നിന്ന് ആംബുലന്സ് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കില് പ്രശ്നമുണ്ടാകില്ലായിരുന്നുവെന്ന് വിമര്ശനമുണ്ട്.
Content Highlights: Organ Transplantation, Death, Human Rights Commission, Case, Thiruvananthapuram Medical College