പ്രവാചകനെ വിമർശിച്ച സംഭവം; നടപടിയെടുക്കാൻ ബി ജെ പിയെ വെല്ലുവിളിച്ച് പ്രതിപക്ഷ പാർട്ടികൾ
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താക്കൾ നടത്തിയ പരാമർശത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ പാർട്ടിയുടെ വക്താവ് നൂപുർ ശർമയെയും ട്വിറ്ററിൽ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ച പാർട്ടി ഡൽഹി ഘടകം മീഡിയ തലവൻ നവീൻ കുമാർ ജിൻഡലിനെയും ബി ജെ പി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ശേഷമാണ് പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്.
പ്രവാചകനെ വിമർശിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി ആത്മാർഥതയുള്ളതാണെങ്കിൽ വിവാദ പ്രസ്താവന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും ആവശ്യമുന്നയിച്ചു. സമാജ് വാദി പാർട്ടിയും ആൾ ഇന്ത്യ മജ്ലിസെ ഇത്തഹാദുൽ മുസ്ലീമും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏതെങ്കിലും മതത്തെയോ മതവിഭാഗത്തെയോ അവഹേളിക്കുന്നതിന് ബി ജെ പി എതിരാണെന്ന അവകാശ വാദം വ്യാജമാണെന്നും ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക തന്ത്രം മാത്രമാണ് ഇതെന്നും കോൺഗ്രസ് വിമർശനം ഉന്നയിച്ചു. വലിയ വിമർശനങ്ങളെ നേരിടുന്നതിനുള്ള മടികൊണ്ടാണ് പേരിന് രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഓന്തിനെ പോലെ നിറം മാറുകയാണ് ബി ജെ പി എന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം.
ബി ജെ പിയുടെ ഒരു ചെറിയ പ്രസ്താവന കൊണ്ട് കാലങ്ങളായി ഇന്ത്യൻ പാരമ്പര്യത്തിന് സൃഷ്ടിക്കുന്ന മുറിവുകൾ ഉണക്കാൻ കഴിയുമോ എന്നും മതത്തിലൂന്നിയുള്ള അതിക്രമവും വിഭജന രാഷ്ട്രീയവും വോട്ടിനായി വിദ്വേഷം പടർത്തലുമാണ് ബി ജെ പി കാലങ്ങളായി ചെയ്യുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
നൂപുർ ശർമയെ ഓർത്ത് തനിക്ക് സഹതാപം തോനുന്നുവെന്നും ബി ജെ പി ദിനംപ്രതി പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിൽ അവർ മാത്രം നടപടി നേരിടേണ്ടി വന്നുവെന്നും എ എ പി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു. ഇത് അനീതിയും ഇരട്ടനീതി നടപ്പിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ ആഭ്യന്തര പ്രേക്ഷകരെ വെറുപ്പുകൊണ്ട് സത്കരിക്കാൻ മധ്യേഷയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കിയെന്നും ഇന്ത്യമയുമായി മധ്യേഷൻ രാജ്യങ്ങൾക്കുള്ള ബന്ധത്തിന് വിള്ളലേൽപ്പിച്ചുവെന്നും ശിവസേന കുറ്റപ്പെടുത്തി.
തീവ്രവാദികൾ ഇപ്പോൾ മുഖ്യധാരയിലേക്ക് എത്തിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ഇവർക്ക് പിന്തുണ നൽകുന്നുവെന്നും എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസി വിമർശിച്ചു. ഇപ്പോൾ ബി ജെ പി കൈകൊണ്ട നടപടി കപടമാണെന്നും അവർ കുറ്രപ്പെടുത്തി.
മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയ പരാമർശം നടത്താനുണ്ടായ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് നൂപുർ ശർമ മാപ്പ് പറഞ്ഞു. വാക്കുകൾ ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കിൽ അതിൽ ക്ഷമചോദിക്കുന്നുവെന്നും അതിൽ ഖേദമുണ്ടെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
Content Highlights – Hate speech, BJP spokesperson, criticizing the Prophet, Opposition parties have challenged BJP to take action